ഭരണകൂട മതിൽക്കെട്ടുകൾ പൊളിക്കാനുള്ള ശ്രമം | Achilles Review – Mathrubhumi
‘എനിക്കുമുന്നിൽ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ രാജ്യം വിടുക അല്ലെങ്കിൽ ഒതുങ്ങിക്കഴിയുക. ഞാൻ രണ്ടാമത്തെ വഴി സ്വീകരിച്ചു.’ തർക്കത്തിനിടെ അക്കില്ലസ് തന്റെ ഭാവിവധുവിനോട് പറഞ്ഞു.’നിന്നെപ്പോലുള്ള ഒരാളാവുക എളുപ്പമാണ്,’ അവൾ പ്രതിവചിച്ചു. ‘എപ്പോഴും എല്ലാറ്റിനോടും ദേഷ്യപ്പെട്ട് മറ്റുള്ളവരുടെ മേൽ പഴിചാരി ഒളിച്ചോടാം..’ തർക്കത്തിനൊടുവിൽ അയാൾ ക്രുദ്ധനായി ഇറങ്ങിപ്പോയി. ഏതാനും ദിവസങ്ങൾക്കു ശേഷം അക്കില്ലസ് അവളെ ഫോണിൽ വിളിച്ചു: ‘നീ പറഞ്ഞത് ശരിയാണ്. മൂന്നാമതൊരു വഴി കൂടിയുണ്ട്!’
പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ആ ‘മൂന്നാമത്തെ വഴി’ തേടിയുള്ള യാത്രയാണ് ഫർഹാദ് ദെലാറം സംവിധാനം ചെയ്ത അക്കില്ലസ് എന്ന ഇറാനിയൻ ചിത്രം. ഭരണകൂടം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിൽ ഞെരുങ്ങുന്ന ഇറാനിയൻ ജനതയുടെ ദുരവസ്ഥയും പ്രതിരോധത്തിനുള്ള ശ്രമവുമാണ് തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ ഫർഹാദ് അവതരിപ്പിക്കുന്നത്. സിനിമകൾക്കും സംവിധായകർക്കും പോലും നിയന്ത്രണമുള്ളതിനാൽ ഒളിഞ്ഞും തെളിഞ്ഞും അതിവിദഗ്ധമായാണ് സമകാലിക ഇറാനിയൻ സാഹചര്യത്തെ സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്നത്.
പരിചയക്കാരനായ ഡോക്ടറുടെ കാരുണ്യത്തിൽ ഒരു ആശുപത്രിയിലെ ഓർത്തോ വിഭഗത്തിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുകയാണ് അക്കില്ലസ് എന്നറിയപ്പെടുന്ന ഫരീദ്. സംവിധായകനായിരുന്ന അക്കില്ലസ് പല പ്രശ്നങ്ങളും മൂലം ചലച്ചിത്രമേഖല വിട്ട് ചെറിയ ജോലിയിൽ ഒതുങ്ങിക്കൂടുകയാണ്. ആരുമായും അയാൾക്കിപ്പോൾ അടുപ്പമില്ല. പിതാവിൽനിന്നും ഭാവിവധുവിൽ നിന്നുമെല്ലാമകന്ന്, വീട്ടിൽ പോലും പോകാതെ തന്റെ പഴയ കാറിലാണ് അയാളുടെ താമസം പോലും.
ഒരു ദിവസം അർധരാത്രിയിൽ മനോരോഗികളുടെ വാർഡിൽ ഒരു രോഗിയെ പരിചരിക്കാൻ പോകേണ്ടിവരുന്ന അക്കില്ലസ് അവിടെ ചുവരുകളെ ഭയപ്പെടുന്ന ഹെദിയ എന്ന യുവതിയെ കണ്ടുമുട്ടുന്നു. ചുവരുകൾ സംസാരിക്കുന്നതുമൂലം ഉറങ്ങാനാവുന്നില്ല എന്നാണ് അവളുടെയും ഒപ്പം മുറിയിലുള്ള പെൺകുട്ടിയുടെയും പരാതി. തിരിച്ച് തന്റെ മുറിയിലെത്തി ആശുപത്രി രേഖകളിൽ ഹെദിയയുടെ വിവരങ്ങൾ തിരയുന്ന അക്കില്ലസിന് അവളുടെ വ്യക്തിവിവരങ്ങളൊന്നും രേഖകളിൽ ഇല്ലെന്ന് മനസ്സിലാകുന്നു.
അവളെ സഹായിക്കാൻ അക്കില്ലസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ അതിനനുവദിക്കുന്നില്ല. ഹെദിയയയുടെ ആവശ്യപ്രകാരം അടുത്തൊരു ദിവസം രാത്രി ആരുമറിയാതെ അവളെ പുറത്തുകൊണ്ടുപോകാൻ അക്കില്ലസ് തയ്യാറാവുന്നു. എന്നാൽ, അവർ ആശുപത്രിയിൽ തിരിച്ചെത്തുമ്പോഴേക്കും അവിടം പോലീസുകാരെ കൊണ്ട് നിറഞ്ഞിരുന്നു. ഹെദിയ ഒരു രാഷ്ട്രീയ തടവുകാരിയാണെന്ന് തിരിച്ചറിയുന്ന അക്കില്ലസിന് അവളെയും കൊണ്ട് അവിടെനിന്ന് രക്ഷപ്പെടുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.
അക്കില്ലസിന്റെയും ഹെദിയയുടെയും യാത്രയിലൂടെയും അതിനിടെ അവർ കണ്ടുമുട്ടുന്ന ആളുകളിലൂടെയും ഇറാനിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട് സംവിധായകൻ. ഒളിവിലെന്നപോലെ കഴിയേണ്ടിവരുന്ന സംവിധായകനും രാഷ്ട്രീയ തടവുകാരിയായ ആക്ടിവിസ്റ്റും ഭരണകൂട ഭീകരതയുടെ നേരിട്ടുള്ള ഇരകളാകുമ്പോൾ പേടിപ്പെടുത്തുന്ന ചുവരുകൾ അടിച്ചേൽപിക്കപ്പെടുന്ന നിയന്ത്രണങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറുന്നു. അതിനെതിരേ ഐക്യപ്പെടുന്ന ഇറാനിയൻ ജനതയാണ് ചിത്രം മുന്നോട്ടുവെക്കുന്ന പ്രതീക്ഷ.
Adblock take a look at (Why?)